Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

പവിഴപ്പുറ്റു നിരകളും അവയുടെ വ്യവസ്ഥാപനവും

Written By കടൽത്തീരം on 2013, ജനുവരി 31, വ്യാഴാഴ്‌ച | 2:58 PMപവിഴപ്പുറ്റു നിരകളും അവയുടെ വ്യവസ്ഥാപനവും ( Coral Reefs and their Management)
Dr. Cheriyanallal Haneefa Koya
image source fotopedia.com

            കടൽതീരത്തിലേക്ക് എന്തെഴുതി തുടങ്ങണം എന്നാലോചിച്ച് സമയം കളയാനില്ല. കാരണം നമ്മുടെ അടിത്തറയായ ബാരകളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ നാം  ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. “കുൻഅത്ര സമയം വേണ്ടഉദ്ദേശംമതി എന്നതിനോട് കൂടി കാര്യകാരണ (സബബ്)ങ്ങളോട് ചേർത്താണ് പ്രപഞ്ചത്തിലെ കാര്യങ്ങൾ നടത്തുന്നത് എന്നും നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ.
            ഉഷ്ണമേഘലാ സമുദ്ര പ്രദേശങ്ങളിലാണ് പവിഴപ്പുറ്റുനിരകൾ ( coral reefs) സാധാരണയായി കാണപ്പെടുന്നത്. സമുദ്രഭാഗത്തിലെ ജലോപരിതലത്തിനോട് ചേർന്ന് നിൽക്കുന്ന ഭാഗത്തേയാണ് റീഫ്(പുറ്റ്) എന്ന് വിളിക്കുന്നത്. സജീവമായ പുറ്റുകളുടെ(reef) മുകൾ ഭാഗത്ത് ത്വരിത വളർച്ച പ്രകടിപ്പിക്കുന്ന പവിഴ(ബാര-)ങ്ങളും അടിഭാഗത്ത് നശിച്ച്പോയവയുടെ അവശിഷ്ടങ്ങളും ( calcium carbonate) കാണുവാൻ സാധിക്കുന്നതാണ്. ബാരണകളുടെ ശരാശരി വളർച്ചാ നിരക്ക് പ്രതിവർഷം കേവലം 1 മില്ലിമീറ്റർ ആണെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്.

            മോയിൻഗ്രാഫ്, ഡാർവിൻ മുതലായ ശാസ്ത്രപ്രതിഭകൾ, പവിഴപ്പുറ്റുകളിൽ പല തരത്തിലുള്ള പഠനങ്ങളും നടത്തിയിട്ടുണ്ട്. പഠനങ്ങളിൽ നിന്നും ശാന്തസമുദ്രത്തിന്റെ പശ്ചിമഭാഗവും ഇന്ത്യാ മഹാസമുദ്രവുമാണ് പവിഴപ്പുറ്റുകളുടെ പ്രധാന ആവാസ കേന്ത്രമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ദക്ഷിണ സമുദ്രത്തിലും പവിഴപ്പുറ്റുകളെ ദർശിച്ചതായി പല പ്രമുഖ നാവികരും കുറിച്ചിട്ടുണ്ട്.
            ജലോഷ്മാവ് പവിഴപ്പുറ്റുകളുടെ വളർച്ചയേയും വ്യാപനത്തേയും നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ്. പവിഴപ്പുറ്റുകളുടെ സുഗമമായ ജീവിത ചംക്രമണത്തിന് (life cycle) 20 ഡിഗ്രീ സെന്റീഗ്രേഡിന് മുകളിൽ ജലോഷ്മാവ് ആവശ്യമാണ്. കൂടാതെ  സൂര്യപ്രകാശം, ലവണാംശം(salinity), substratum മുതലായ ഘടകങ്ങളും സുപ്രധാനം തന്നെ. പവിഴപ്പുറ്റുകളെ പ്രധാനമായി മൂന്നായി തരം തിരിച്ചിരിക്കുന്നു.
image source flickr.com

1.    ഫ്രിൻജിംഗ് റീഫ്( Fringing Reef)   കടലോര പവിഴപ്പുറ്റുകൾ:
നല്ല സൂര്യപ്രകാശം ലഭിക്കുന്നതും അനുകൂലമായ ഊഷ്മാവ്, സുലഭമായ പ്രാണവായു(oxygen), ഉറച്ച അടിത്തട്ട് എന്നി ഘടകങ്ങൾ ഒന്നിച്ച് ചേരുന്ന സമുദ്ര തീരങ്ങളിലാണ് ഇത്തരം പുറ്റുകൾ കാണപ്പെടുന്നത്. സാധാരണയായി ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലാണ് ഇവയുടെ അധിനിവേശം ലോകത്തെ ഏറ്റവും വലിയ ഫ്രിൻജിംഗ് റീഫ് ചെങ്കടൽ(Red sea) തീരങ്ങളിലാണ് ഉള്ളത്. ശാസ്ത്ര മതപ്രകാരം പുറ്റ് നിവർത്തുകയാണെങ്കിൽ അതിന് 2500 മൈലോളം നീളമുണ്ടാവുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
2.    ബാരിയർ റീഫ് (Barrier Reef)
ഇത്തരം പുറ്റുകൾ ഒരു കടൽപൊയ്കയാൽ (ബില്ലം) കരഭാഗത്ത് നിന്ന് വേർതിരിക്കപ്പെട്ടിരിക്കും. ദ്വീപുകളെചുറ്റിയുള്ള ബാരിയർ ഒരു വളയം പോലെയായിരിക്കും. ആസ്ട്രേലിയ ഭൂഖണ്ഡത്തിലെ ക്യൂൻസ്ലാൻഡ് പ്രവിശ്യക്കടുത്താണ് ഇത്തരം റീഫുകളിൽ ഏറ്റവും വലുത്. 1200 മൈൽ നീളവും 10 മുതൽ 200 മൈൽ വരെ വീതിയുമുള്ള ഇതിനെ ഗ്രേറ്റ് ബാരിയർ റീഫ് (Great Barrier Reef) എന്ന് വിളിക്കുന്നു. ന്യുകാലിഡോണിയ, ഫിജി എന്നീ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള ബാരിയർ റീഫുകൾ ദൃശ്യമാണ്.
3.    അറ്റോൾ (Atoll)
സമുദ്രോപരിതലത്തിലോ അതിന് തൊട്ട് താഴെയോ വികാസം പ്രാപിക്കുന്ന വളയ രൂപത്തിലുള്ള പവിഴപ്പുറ്റുകളാണ് അറ്റോളുകൾ. അവ വ്രത്താകാരമോ അർദ്ധവ്രത്താകാരമോ ആയിരിക്കും. ആഴക്കടലിൽ കടലിലെ മലനിരകളിൽ ഉദയം ചെയ്യുന്നവയെ ആഴക്കടൽ അറ്റോൾ എന്നും തീരപ്രദേശങ്ങളിൽ ഉൽഭവിക്കുന്നവയെ തീരക്കടൽ അറ്റോളുകൽ എന്നും വിളിക്കുന്നു. നമ്മുടെ വാസസ്ഥലമായ ലക്ഷദ്വീപ് സമൂഹം അറ്റോൾ വിഭാഗത്തിൽപ്പെടുന്ന പവിഴപ്പുറ്റുകളാണ്.
പവിഴപ്പുറ്റുകളും ആവാസ വ്യവസ്ഥിതിയും (Reef and Eco system)
      വളരേയധികം പ്രത്യേകതകൾ കൊണ്ടനുഗ്രഹീതമാണ് പവിഴപ്പുറ്റ് എന്ന പ്രതിഭാസം. ഒരുപാട് ജീവജാലങ്ങൾ ആവാസ് വ്യവസ്ഥിതിയെ ആശ്രയിച്ച് സഹകരിച്ച് വസിക്കുന്നു. ജൈവ ചംക്രമണ പ്രക്രിയക്ക് പവിഴപ്പുറ്റ് നിരകൾ നൽകുന്ന സംഭാവന നിസ്തുലമാണ്.
      കരയിൽ ഏറ്റവും കൂടുതൽ ജൈവ വൈവിദ്യം രേഖപ്പെടുത്തിയിരിക്കുന്നത് മഴക്കാടുകളാണ്. മഴക്കാടുകളിൽ ഒരു സ്ക്വയർ കിലോമീറ്ററിലുള്ള ജൈവ വൈവിദ്യത്തേക്കാൾ അധികമാണ് പവിഴപ്പുറ്റുകളിൽ ഒരു സ്ക്വയർ മീറ്ററിലുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
      പലതരത്തിലുള്ള സൂക്ഷ്മ ജീവികൾ, കടൽ സ്ലഗ്ഗുകൾ( sea slugs), സീ സ്റ്റാറുകൾ(sea stars), ബാര(coral)കൾ, കടൽ വെള്ളരിക്ക, കടൽ ചേനകൾ, കോറൽ മത്സ്യങ്ങൾ( coral fishes), അലങ്കാര മത്സ്യങ്ങൾ(ornamental fishes), ആഴക്കടൽ മത്സ്യങ്ങൾ(oceanic fishes), സീ പ്ലാന്റ്സ്(sea plants- sea weeds, sea grass) അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വൈവിദ്യ ലോകമാണ് പവിഴപ്പുറ്റുകൾ നമുക്കായി തുറന്ന് വെച്ചിരിക്കുന്നത്.
image source fotopedia.com


പവിഴപ്പുറ്റു നിരകളും അവയുടെ വ്യവസ്ഥാപനവും( Coral Reef and their Management)
      പവിഴപ്പുറ്റുകളുടെ ജൈവ വൈവിദ്ധ്യം തന്നെയാണ് അതിന്റെ ദൌർബല്ല്യവും. സസ്യങ്ങളും ജന്തുക്കളും വളരെ സങ്കീർണമായ ആശ്രയത്വത്തിലാണ് ആവാസ വ്യവസ്ഥിതിയിൽ ഒരുമിച്ച് താമസിച്ച് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരെണ്ണത്തിനുണ്ടാവുന്ന നേരിയ ഭ്രംശം പോലും ഈ വ്യവസ്ഥിതിയിലും അതിന്റെ  ചംക്രമണ () ത്തിലും കാതലായ വ്യതിയാനങ്ങൾ  സൃഷ്ടിക്കുവാൻ പര്യാപ്തമാണ്.
      ഇന്ത്യയിൽ മന്നാർ കടലിടുക്ക് (Gulf of Mannar) കച്ച് കടലിടുക്ക്(Gulf of Kutch) ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹങ്ങൾ ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളിലാണ് പവിഴപ്പുറ്റുകൾ പ്രധാനമായും കണ്ടുവരുന്നത്. പല കാരണങ്ങളാലും  പവിഴപ്പുറ്റുകളുടെ നശീകരണം ഇന്ന് ക്രമാതീതമായ വേഗത്തിലാണ് നടക്കുന്നത്. കാഴ്ചയുള്ളവൻ അതിനെ കാണുന്നു, ചിലർ ഉറക്കം നടിക്കുന്നു, ചിലർ പൊളിഞ്ഞാലും സാരമില്ല എന്ന് കരുതുന്നു. നശീകരണം എങ്ങനെയൊക്കെ നടക്കുന്നു എന്നത് എല്ലാവർക്കും അറിയുന്നു. അറിഞ്ഞാൽ മാത്രം പോരല്ലോ!
      പക്ഷേ ഒരു കാര്യം ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്ന പുറ്റുകൾ വീണ്ടും വളർന്ന് വരാൻ നൂറ്റാണ്ടുകൾ തന്നെയെടുക്കുമെന്നതിനാൽ രാഷ്ട്രത്തിനുണ്ടാവുന്ന ജൈവ നഷ്ടം വിവരണാതീതമാണ്, നമ്മുടെ നിലനിൽ‌പ്പും!! നമ്മുടെ സമുദ്രങ്ങളുടെ ജൈവ സന്തുലിതാവസ്ഥക്ക് മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിന് പോലും പവിഴപ്പുറ്റുകളുടെ നശീകരണം വഴിതെളിക്കുന്നതായി ശാസ്ത്ര് ലോകം നമ്മെ ഓർമ്മിപ്പിക്കുന്നു.
image source photozou.jp

അവബോധം(Awareness): പവിഴപ്പുറ്റുകളെ സംരക്ഷിക്കുവാനും അവയ്ക്ക്നേരെ നടക്കുന്ന നശീകരണ പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്തുവാനും ഒരു ജനകീയ അവബോധം എത്രയും വേഗം സൃഷ്ടിക്കുവാൻ  ദ്വീപിലെ ഓരോ പൌരനും ബാദ്ധ്യസ്ഥനാണ്. ദ്വീപുകളുടെ പ്രധാന അകാർഷണമായ ടൂറിസത്തിന്റെ കേന്ത്ര ബിന്ദു പവിഴപ്പുറ്റുകളും അവ ഉൾക്കൊള്ളുന്ന ജൈവ വ്യവസ്ഥിതിയുമാണെന്നത് ഒരു യാഥാർഥ്യം മാത്രമാണ്. കോറലുകളുടെ ഏത് വിധത്തിലുള്ള നശീകരണവും മനസ്സാ, വാചാ, കർമ്മണാ തടുത്ത് നിയന്ത്രിക്കേണ്ടത് തലമുറകളുടെ ആവശ്യമാണ്.
      ദ്വീപുകളുടെ സമ്പദ് വ്യവസ്ഥയും, പരിസ്ഥിതി സന്തുലനം ചെയ്യുന്നതുമായ ഈ പവിഴപ്പുറ്റ് നിരകളുടെ നശീകരണ കാര്യം കേവലം കടലാസിലും സെമിനാറുകളിലും മാത്രമായി ഒതുക്കാതെ ഫലത്തിൽ  പ്രാവർത്തികമാക്കുന്നതിന് ലക്ഷദ്വീപിലെ ഓരോ നിവാസിയും ഉണർന്ന് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അടിയന്തിരാവശ്യമാണ്

1 comments:

VELICHAM പറഞ്ഞു...

valre adhikam ishttamayi best wishes

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...